Thursday, January 7, 2016

ഡോക്ടര്‍

ഇന്നലെ ഓഫീസില്‍ നിന്നു തിരിച്ചുപോകാന്‍ ഷാനുക്കയുടെ സ്കൂട്ടറിന്‍റെ പിന്നില്‍ കയറിയപ്പോഴാ ഓര്‍ത്തത്, എന്തായാലും നാളെ കൊട്ടാരക്കര പോവുകയല്ലെ, ഒന്നു ബ്യൂട്ടിപാര്‍ലറില്‍ പോയി സുന്ദരിയായി ഷാനുക്കയുടെ ഉമ്മയെ ഒന്നു ഞെട്ടിച്ചാലോ. എന്‍റെ വളയിടലിന്‍റെ അന്നു  ഉമ്മ എന്നെകണ്ട് ഒന്നു ഞെട്ടിയതാണ്.ആദ്യം എന്നെ കാണാന്‍ വന്നത് ഷാനുക്കയാണ്. (സാധാരണ എല്ലാവരേയും ഞാന്‍ പെണ്ണുകാണാന്‍ ഓഫീസിലേക്കാണ്‍ ക്ഷണിക്കുക പതിവു. വീട്ടില്‍ വെച്ചിട്ടാണെങ്കില്‍ നാട്ടുകാര്‍ വെറുതെ തെറ്റിദ്ധരിച്ചാലോ, അയ്യോ ആ കുട്ടീനെ ആര്‍ക്കും പറ്റുന്നില്ലാട്ടോന്ന്, രണ്ടാമത് ചായ, കൂയ തുടങ്ങിയവയൊന്നും വേണ്ടതാനും.ഇനി അത്രക്കു ചായകുടിക്കണമെന്നുള്ളവരാണെങ്കില്‍ അവരുടെ ചിലവില്‍ നമുക്കും കുടിക്കാമല്ലോ .ഓഫീസിലാണെങ്കില്‍ വിവാഹം മരീചികയായ കുറെ സഹപ്രവര്‍ത്തകരാണുള്ളത്. പരസ്പരം കണ്ടാല്‍ ഒറ്റക്കാര്യമെ പറയാനുള്ളൂ.ഏത് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ചിലര്‍ ഞാന്‍ 2 പ്രാവശ്യം പേപ്പറില്‍ പരസ്യം കൊടുത്തിട്ടും ഒന്നും ശരിയായില്ല, ഇനി ഞാന്‍ പേപ്പറെ വായിക്കില്ലാന്നു പ്രതിജ്ഞ എടുക്കുന്നു. അപ്പൊ വേറൊരാള്‍ അങ്ങനെ പറയരുത്, ഞാനിതു അന്ചാമത്തെ പ്രാവശ്യമാണ്‍ പരസ്യം കൊടുക്കുന്നത്, തളരരുത്, എന്നാശ്വസിപ്പിക്കുന്നു.എന്‍റെ കൂട്ടുകാരി ജിനുവിനാണെങ്കില്‍ എന്നെ മേക്കപ്പ് ചെയ്യുകയും പിന്നെ ഇടക്കിടക്ക് ശിവന്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയുമേ ജോലിയുള്ളൂ ..അങ്ങനെ ബുദ്ധിമതിയായി നിരന്തരം ചെക്കന്‍കാണല്‍ നടത്തിക്കൊണ്ടിരിക്കൊമ്പോളാണ്‍ ഷാനുക്ക എന്ന പുരുഷ സിംഹം ഞാന്‍ ഓഫീസില്‍ വെച്ചൊന്നും പെണ്ണുകാണത്തില്ല, വീട്ടില്‍ വെച്ചെ കാണൂ എന്നു ഗര്‍ജിച്ചത്. അതുകൊണ്ട് ഞാന്‍ എര്‍ണാകുളത്ത് ജോലിചെയ്യുന്ന സിംഹത്തെ കാണാന്‍ കാടും മേടും കുന്നും മലകളും ഒക്കെ താണ്ടി കണ്ണൂര്‍ എക്സ്പ്രെസ്സില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഇടിയും കുത്തും ഒക്കെകൊണ്ട് (ജോലി കിട്ടി എന്ന യാധാര്‍ഥ്യത്തോട് അപ്പോഴും പൊരുത്തപ്പെടാത്തതുകൊണ്ടും പഴയ ദാരിദ്ര്യത്തിന്‍റെ ഹാങോവെറില്‍ നിന്ന് മോചിതയാവാത്തതുകൊണ്ടും ഞാനപ്പോഴും സ്ലീപ്പര്‍ ക്ളാസ്സ് എടുക്കുമായിരുന്നില്ല)ഇന്‍ച
-പ്പരുവത്തില്‍ വീട്ടില്‍പ്പോകേണ്ടി വന്നു
)അടുത്ത ആഴ്ച ഷാനുക്കയുടെ ഉപ്പയും മാമയും കൂടി വന്ന് എല്ലാം ഉറപ്പിച്ചിട്ടുപോയി. ദൂരക്കൂടുതല്‍ കാരണം എറണാകുളത്തെ ഒരു ഹോട്ടലില്‍( സിനിമാസ്റ്റൈലില്‍) വെച്ച് നടത്തിയ വളയിടലിന്‍റെ അന്നാണ്‍ പാവം ഉമ്മക്ക് എന്നെ കാണാന്‍ അവസരം കിട്ടിയത്. വള പെണ്ണിന്‍റെ കയ്യിലിടാതെ സ്വന്തം കയ്യില്‍ തന്നെ ഇട്ടാലോ എന്ന് ഉമ്മ ഒരുവേള ചിന്തിച്ചു.അടുത്ത ഷോട്ടില്‍ സ്വന്തം ഭര്‍ത്താവിന്‍റെ ഭീകരമുഖം മനോമുകുരത്തില്‍ തെളിഞ്ഞപ്പോള്‍ വേണ്ടെന്നുവെച്ചു, അങ്ങനെ ആ വള എന്‍റെ കയ്യില്‍ വീണു ( ഹാവൂ, ഭര്‍ത്താവിന്‍റെ വീട്ടുകാരെക്കൊണ്ട് അത്രയെങ്കിലും ചെലവാകിക്കാന്‍ കഴിഞ്ഞല്ലോ). മൂത്ത മകന്‍റെ പെണ്ണിനും ഉമ്മ ഇങ്ങനെ കനത്ത ദുഃഖത്തോടെയാണു വളയിട്ടത്. വള പോണ വിഷമമല്ല കാരണം. പെണ്ണിനെ കണ്ട് ഇതു വേണ്ടെന്നുറപ്പിച്ച് കാറില്‍ കയറിയ ഉമ്മ വീട്ടിലെത്തിയപ്പോഴാണു കല്യാണം ഉറപ്പിച്ച കാര്യം അറിഞ്ഞതത്രെ, ഉപ്പയും ഉപ്പയുടെ സഹോദരിയും (ഉമ്മയുടെ ആജന്മ ശത്രു) കൂടി ഒപ്പിച്ചതായിരുന്നു അത്. ഇനി തന്‍റെ മൂന്നാമത്തെ മകന്‍റെ കാര്യത്തില്‍ കൂടി ഇങ്ങനെ ഒരു ചതി പറ്റരുതെന്നു ഉമ്മ ഉറപ്പിച്ചിട്ടുണ്ട്. മക്കളുടെ ഭാര്യമാരെല്ലാം അതിസുന്ദരികളായിരിക്കണമെന്നാണ്‍  ഉമ്മയുടെ ആഗ്രഹം. എന്തായാലും ഞാനുമ്മക്ക് വാക്കു കൊടുത്തിട്ടുണ്ട്, ഹക്കീമിനൊരു സുന്ദരിയെ കണ്ടുപിടിച്ചോളാമെന്നു.ഇത്രയൊക്കെ ചിന്തിച്ചപ്പോള്‍ ഞാനുറപ്പിച്ചു, വണ്ടി ബ്യൂട്ടിപാര്‍ലറിലേക്ക് പോട്ടെ. ഇത്ര വേഗത്തില്‍ ബ്യൂട്ടിപാര്‍ലറില്‍ പോയിട്ട് എനിക്കൊരു കാര്യമേ ചെയ്യാനുള്ളൂ. പുരികം ഷേപ്പ് ചെയ്യുക. മറ്റു പല കാര്യങ്ങളും ചെയ്യണമെന്നുണ്ട്. പക്ഷെ ഒന്നാമത് ബ്യൂട്ടിപാര്‍ലര്‍കാര്‍ എന്നെ നോക്കുക, ഇതേതാണീ കണ്‍ട്രി എന്ന മട്ടിലാണ്. പിന്നെ അവിടെപ്പോയി ഇന്നതു ചെയ്യണം എന്നു പറയാനുള്ള ജ്ഞാനം എനിക്കില്ല. പിന്നെ പറയാന്‍ പറ്റുക എന്നെ നിങ്ങളെന്തെങ്കിലും ചെയ്തു ഒന്നു ഭംഗിയാക്കിത്തരൂ പ്ളീസ്... എന്നാണ്.അങ്ങനെ പറഞ്ഞാല്‍ അവസാനംഎല്ലാം ചെയ്ത് അവര്‍ പറയുന്ന തുക കേട്ട് ഞാന്‍ ബോധം കെട്ടു വീഴുകയും  ഷാനുക്ക സ്കൂട്ടറില്‍ പാഞ്ഞു വന്നു പിന്നെ കാര്‍ വിളിച്ച് .. ഹൊ എന്തിന്, പിന്നെ മേക്കപ്പിനുമില്ലേ ഒരു പരിധി. പുരികം തന്നെ ചെയ്യുന്നത് കരഞ്ഞ് കരഞ്ഞ് ഷാളുകൊണ്ടും ചുരിദാര്‍ കൊണ്ടും ഒക്കെ  ധാര ധാരയായി ഒഴുകുന്ന കണ്ണുനീര്‍ തുടച്ചാണ്. പണ്ട് എന്‍റെ കൂടെ ബ്യൂട്ടിപാര്‍ലറില്‍ വന്ന മറ്റൊരു കണ്‍റ്റ്രിയായതനൂജ മാഡം എന്‍റെ ഈ കരച്ചില്‍യജ്ഞം കണ്ടു എന്തിനാ ഇത്ര പാടു കഴിക്കണത് എന്നു പറഞ്ഞ് ഞെട്ടിയതാണ്.ഇത്ര കാലം കൊണ്ട് ആകെക്കൂടി വന്ന മാറ്റം മുടി ഒന്നു മുറിച്ചു. അതു തന്നെ പുതിയതായി തുറന്ന ബ്യൂട്ടീഷ്യന്‍റെ അടുത്തു ചെന്നു മുടിയഴിച്ചിടുകയും ചേച്ചി ആ കോഴിവാലിനെ ഒന്നു നിരീക്ഷിച്ച ശേഷം തന്‍റെ professional life ല്‍ വന്നുപെട്ട ആ കടുത്ത വെല്ലിവിളിയെ മനക്കരുത്തോടെ നേരിടുകയും ചെയ്തതുകൊണ്ട്.
.ഏതാനും നിമിഷങ്ങല്‍ക്കുള്ളില്‍ സ്കൂട്ടര്‍ ബ്യൂട്ടിപാര്‍ലറിന്‍റെ മുന്നിലെത്തി.
                             വണ്ടി നിര്‍ത്തിയതും ഞങ്ങള്‍ കുറെക്കാലത്തിനുശേഷം  കണ്ടുമുട്ടിയ രണ്ടുപേരെപ്പോലെ സംസാരിക്കാന്‍ തുടങ്ങി.( കാരണം വീട്ടിലെപ്പൊഴും ഞങ്ങള്‍ മിസ്റ്റര്‍ ദവീന്‍റെ കര്‍ശനനിരീക്ഷണത്തിലായിരിക്കും. ഏതുനേരവും ഞങ്ങള്‍ അവനോടു സംസാരിച്ചുകൊണ്ടും താലോലിച്ചുകൊണ്ടും ഇരിക്കണം. അവനവന്‍റെ ഓഫീസിലുള്ളവരുടെ രണ്ടു കുറ്റം പറയാന്‍ മുട്ടി എങ്ങാനും ഞങ്ങള്‍ രണ്ടുപേരും ഒന്നു മിണ്ടിപ്പോയാല്‍ തല്‍സമയം അവന്‍ ചാടിവീണു ഞങ്ങളുടെ  പരദൂഷണക്കമിറ്റിയെ പിരിച്ചുവിടും.)അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്‍ ഷാനുക്ക എന്‍റെ താഴത്തെ വരിയിലെപല്ലിലെ ഭയങ്കരമായ കറ കണ്ടു പിടിച്ചത്.ഞാന്‍ പല്ലുതേക്കാഞ്ഞിട്ടൊന്നുമല്ല. പണ്ട് പല്ലിനു കമ്പിയിട്ടതിന്‍റെ പൌരാണികവശിഷ്ടങ്ങളാണ്. നാളെത്തന്നെ പല്ലുവെക്കാന്‍ 18000രൂപയും കൊണ്ടുവരണമെന്നു പറഞ്ഞപ്പോള്‍ വന്നേക്കാമേ എന്നു പറഞ്ഞോടി രക്ഷപ്പെട്ടതാണ്.പിന്നെ ആ വഴിക്കു പോയിട്ടില്ല. അതുകൊണ്ട് തന്നെ കമ്പിയിട്ടതിനു ശേഷം clean ചെയ്തിട്ടില്ല.
"എന്നാ പല്ലു clean ചെയ്താലോ, ബ്യൂട്ടിപാര്‍ലറില്‍ പിന്നെ പോവാം."
" എന്തുകുന്തമെങ്കിലും ചെയ്യ്, ചെയ്തുകഴിഞ്ഞ് വിളിചാല്‍ മതി, ഞാന്‍ വന്നോളാം."
 കറ കണ്ട് മനസ്സിടിഞ്ഞ ഷാനുക്ക  സംസാരിക്കാനുള്ള മൂഡൊക്കെ നഷ്ടപ്പെട്ട് സ്കൂട്ടരില്‍ രക്ഷപ്പെട്ടു.
മനസ്സില്‍ ഭയങ്കരമായ പിടിവലി നടന്നു. പതിനന്ചു രൂപയുടെ പുരികം ത്രെഡ് ചെയ്യണോ, ക്ലീന്‍ ചെയ്യണോ. രണ്ടു ക്ലിനിക്കും മുഖാമുഖം സ്ഥിതി ചെയ്യുന്നുണ്ട്. പല്ലും മുഖത്തു തന്നെയാണ്, അതുംസൌന്ദര്യ വര്‍ധനവിന്‍റെ പരിധിയില്‍ വരുമെന്നൊക്കെ മനസ്സു പറഞ്ഞെങ്കിലും കാലുകള്‍ പതിനന്ചു രൂപ ലക്ഷ്യമാക്കി നടന്നു.ബ്യൂട്ടിപാര്‍ലറില്‍ ചെന്നപ്പോള്‍ മെയിന്‍ ബ്യുട്ടീഷ്യന്‍റെ അസ്സിസ്റ്റന്‍റു ഒരു ഇരയെക്കിട്ടിയ സന്തോഷത്തില്‍ ചിരിച്ചുകൊണ്ടു വാതിലും തുറന്നു പിടിച്ചുകൊണ്ടു നിക്കുന്നു. ഈ അസ്സിസ്റ്റന്‍ര്‍ നാലുമാസംമുന്നെ എന്നെ ഒന്നു ത്രെഡ് ചെയ്ത് വിട്ടതാണ്. മുഖത്തിന്‍റെ ഒരു ഭാഗം കണ്ടാല്‍ ഞാന്‍ ദേഷ്യപ്പെട്ടിരിക്കുകയാണെന്നു തോന്നും മറ്റെ ഭാഗം കണ്ടാല്‍കരയുന്ന പോലെയും. ഹമ്പട, ഇനിയും കരയുന്നോ പുഴ ചിരിക്കുന്നോ എന്നപോലെ എന്നെ നടത്തിക്കാനാണ്.
ചേച്ചിയില്ലെ ഇവിടെ
ചേച്ചി അകത്ത് ഫേഷ്യല്‍ ചെയ്യുകയാണ്.എന്താ ത്രെഡ്ഡിങ്ങാണൊ
അതെ
ഇരിക്കൂ,
അസ്സിസ്റ്റന്‍റു ത്രെഡ്ഡിന്‍ഗ് ചെയര്‍ വലിച്ചിട്ടു.
ചേച്ചീ വരട്ടെ, ഞാന്‍ സംയമനം കൈ വിട്ടില്ല
എങ്കില്‍ പുറത്തിരിക്കൂ
പ്ധിം
ഒരു ശബ്ദം .ക്രുദ്ധയായ അസ്സിസ്റ്റന്‍റു വാതില്‍ വലിച്ചടച്ചതാണ്.
ഞാന്‍ പുറത്തു കാത്തിരിക്കാന്‍ തുടങ്ങി. ചേച്ചി വിളിക്കുന്നില്ല. അസ്സിസ്റ്റന്‍റു പറഞ്ഞു കാണില്ല. വീണ്ടും വാതില്‍ തുറക്കാന്‍ എനിക്കൊരു ചമ്മല്‍. പല്ലെങ്കില്‍ പല്ല്,ഒറ്റനിമിഷത്തിനു ഞാന്‍ പല്ലുഡോക്റ്റരുടെ ഡോറിന്‍റെമുന്നിലെത്തി.ഡോക്റ്ററെ ഞാന്‍ വിളിക്കണോ, അതോ ഡോക്റ്റര്‍ എന്നെ വിളിക്കുമോ എന്നൊക്കെ ചിന്തിക്കുന്നതിനിടയില്‍ ഡോക്റ്റര്‍ വാതില്‍ തുറന്നു. എന്നെക്കണ്ട് സൌമ്യമായി ചിരിച്ചു, പിന്നെ ആ ചിരി പൊട്ടിച്ചിരിയായി മാറി. കാര്യമെന്താണെന്നു വെച്ചാല്‍ ഒരു രണ്ടു കൊല്ലം മുമ്പ് ഞാന്‍ ദവീനുവേണ്ടി ( അവന്‍ മുന്‍വശത്തെ നാലുപല്ലുകള്‍ കസേരയില്‍ കൊണ്ടുപോയി ഇടിച്ചിളക്കിയ കാരണം)ഡോക്ടറെ കാണാന്‍ വന്നിരുന്നു. അതിനു മുമ്പ് ഒരു പല്ലെടുക്കാന്‍ വന്നകാര്യം ഡോക്റ്റര്‍ക്കോര്‍മ്മയില്ല. അതിനു ഒരാഴ്ച കഴിഞ്ഞ് തനൂജമാഡത്തിനു പല്ലുഡോക്റ്ററെ കാണേണ്ടി വന്നപ്പോള്‍
ഞാനീ ഡോക്ടര്‍ നല്ലതാണ്, മിലിട്ടറിയില്‍ നിന്നും റിട്ടയര്‍ ചെയത പ്രായമായ ഒരു ഡോക്റ്ററാണെന്നു പറഞ്ഞു വിട്ടു (മിലിട്ടറിയില്‍ നിന്നു റിട്ടയര്‍ ചെയ്തതൊക്കെയാണെങ്കിലും ഡോക്ടര്‍ക്ക് ഒരു 40 നും 43 നും ഇടയിലേ പ്രായമുള്ളൂ.നാല്പ്പത്തിമൂന്നൂകാരിയായ മാഡമാണു പ്രായമായ ഡോക്റ്ററെ തിരയുന്നതെന്നോര്‍ക്കണം, മാഡം പ്രതീക്ഷിക്കുന്നത് ഒരു തൊണ്ണൂറുകാരനെയാണ്). തനൂജ മാഡം ഡോക്റ്ററെ കാണാന്‍ ക്ലിനിക്കിലെത്തി, വാതില്‍ തുറന്ന ഡോക്ടറെ മൈന്‍ഡ് ചെയ്യാതെ അകത്തു കയറി .
"ഡോക്റ്ററെ കാണണം"
"എന്താ പ്രശ്നം, ഇരിക്കൂ"
മാഡം കാര്യം പറയാതെ വീണ്ടും "ഡോക്റ്ററെ കാണണം"
ഞാന്‍ തന്നെയാണ്‍ ഡോക്റ്റര്‍, മാഡം ഇരിക്കൂ
"മിലിട്ടറിയില്‍ നിന്നു റിട്ടയര്‍ ചെയ്ത..," മാഡം ഡോക്റ്ററിന്‍റെ ക്ഷമ പരീക്ഷിക്കുകയാണ്.
"അതെ, ഞാന്‍ തന്നെയാണ്, നിങ്ങള്‍ ഇരിക്കൂ, വായ തുറക്കൂ" ഡോക്ടര്‍ ആഞ്ജാപിച്ചു.
മാഡം മനസ്സില്ലാമനസ്സോടെ വായ തുറന്നു. അവനവന്‍റെ വായ, സ്വന്തം പല്ലു, വല്ലവര്‍ക്കും വായ പൊളിച്ചുകാണിച്ചുകൊടുത്തിട്ട് പിന്നെ പറഞ്ഞിട്ടു കാര്യമില്ല.
മാഡം രണ്ടും കല്‍പിച്ചുകൊണ്ടു ചോദിച്ചു
മിലിട്ടറിയില്‍ നിന്നും റിട്ടയര്‍ ചെയ്ത വയസ്സായ ഡോക്ടറെയാണ്‍ കാണേണ്ടത്
ഡോക്ടര്‍ കുടിനീരിറക്കിക്കൊണ്ട് "ആരാണിതു പറഞ്ഞത്"
കുട്ടിയെയും കൊണ്ട് കഴിഞ്ഞ ദിവസം കാണാന്‍ വന്ന യൂണിവേഴ്സിറ്റിയില്‍ ജോലിയുള്ള..
അത്രയൊക്കെ മതിയായിരുന്നു ഡോക്റ്റര്‍ക്കെന്നെ മനസ്സിലാവാന്‍. അന്നുപോയ ഞാന്‍ പിന്നെ ഡോക്റ്ററെന്നെ കാണുന്നത് ഇന്നാണ്. (പണ്ട് ഞാന്‍ ഒരു മുപ്പത്തിനാലുകാരനെ (ജോസ് സാര്‍)വയസ്സനാക്കിയിട്ടുണ്ട്. അന്നു ഞാന്‍ അങ്കമാലിയിലെ ഒരു സ്വാശ്രയകോളേജില്‍ ട്രെയിനിയായി ജോലി ചെയ്യുകയാണ്.സമീപത്തു തന്നെയുള്ള മറ്റൊരു സ്വാശ്രയകോളേജില്‍ പെര്‍മനെന്‍റു പോസ്റ്റിനു വിളിച്ചു. ഞാന്‍ ഇന്‍റര്‍വ്യൂവിനു പോയി.രണ്ടുകോളേജും കൂടി ഭയങ്കര മല്‍സരമാണ്. അവിടത്തെ ലൈബ്രേറിയനും മാനേജ്മെന്‍റിലെ ചില ആളുകളുമാണ്‍ ബോര്‍ഡില്‍. അവര്‍ രണ്ടു  ലൈബ്രറിയും ഒന്നു കമ്പയര്‍ ചെയ്യാന്‍ പറഞ്ഞു. ഇന്‍റര്‍വ്യൂവിന്‍റെ മനശ്ശാസ്ത്രം അറിയാത്ത സര്‍വോപരി പൊട്ടത്തിയുമായ ഞാന്‍ നിങ്ങളുടെ ലൈബ്രറി മഹാപൊട്ടയാണ്, ഞങ്ങളുടെയാണ്‍ നല്ലത് എന്നു ഉദാഹരണസഹിതം എക്സ്പ്ലൈന്‍ ചെയ്തുകൊടുത്തു.മാനേജ്മെന്‍റിന്‍റെ  മുന്നില്‍ വെച്ച് ഇങ്ങനെഅപമാനിച്ച ഇതിനെകൊക്കില്‍ ജീവനുണ്ടെങ്കില്‍  എടുക്കില്ല എന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് ആ ലൈബ്രേറിയന്‍ അവസാനത്തെ ചോദിച്ചു (അയാളറിയുന്ന ആളുതന്നെയല്ലെ ലൈബ്രേറിയന്‍ എന്നുറപ്പിക്കാന്‍)
വാട്ടെബൌറ്റ് യുവര്‍ ലൈബ്രേറിയന്‍, ഈസ് ഹി യങ്ങ്
ഞാന്‍ ഒരു നിമിഷം ആലോചിച്ചു, എനിക്കന്നു 21, സാറിനാണെങ്കില്‍ 34 അല്ലെങ്കില്‍ 35 കാണും
എന്തിനാ സംശയം, ഞാന്‍ മറുപടി കൊടുത്തു.
ഹീ ഈസ് ആന്‍ ഓള്‍ഡ് മാന്‍
ചോദ്യകര്‍ത്താവ് ചിന്താധീനനായി.തിരിച്ചു ഞാന്‍ കോളേജിലെത്തി ജോസ് സാറിനോട് ഇന്‍റര്‍വ്യൂവിശേഷങ്ങള്‍ പറയുകയാണ്. ഓരോ ചോദ്യത്തിനുള്ള എന്‍റെ മറുപടികള്‍ കേട്ട് അഭിമാനവിജ്രുമ്ഭിതനായി (അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നൊക്കെ പുറത്തു പറയുന്നെണ്ടെങ്കില്‍ കൂടെ)ചിരിച്ചുകൊണ്ടു നിന്ന സാര്‍ എന്‍റെ അവസാനത്തെ ചോദ്യത്തിനുള്ള മറുപടി കേട്ട് പെട്ടെന്ന് കസേരയില്‍ തളര്‍ന്നിരുന്നു
"സര്‍, സര്‍ എന്തു പറ്റി."
  സര്‍ ക്ഷീണിതനായി   " ഒന്നും പറ്റിയില്ല, ഷാജിത ആ കൌണ്ടറിലേക്കൊന്നു ചെല്ലു, ആരോ വന്ന പോലെ")
ഞാന്‍ ഡോക്ടറിനോട് എന്‍റെ വായിലെ ഹാരപ്പ മോഹന്‍ജോദാരോ അവശിഷ്ടങ്ങള്‍ കാണിച്ചുകൊടുത്തിട്ട് ഒന്നു ക്ലീന്‍ ചെയ്തുതരണമെന്നു പറഞ്ഞു. ആ ഒറ്റനിമിഷത്തില്‍ തന്നെ എന്‍റെ2 പല്ലിന്‍റെ അഭാവം ഡൊക്ടര്‍ കണ്ടുപിടിച്ചു(ഇനിയെത്ര കാണാന്‍ കിടക്കുന്നു).
"മാഡം ആ 2 പല്ലു എന്തായാലും വെക്കണം."
ഞാന്‍ ചെയറിലിരുന്ന് വായ പൊളിച്ചപ്പോഴാണ്‍ രണ്ടല്ല നാലുപല്ലില്ലെന്നുള്ള കാര്യം ഡോക്റ്റര്‍ മനസ്സിലാക്കിയുള്ളത്.
ചില്ലറക്കാരിയല്ല അപ്പോ.വിലപിടിപ്പുള്ള ഒരാളാണ്.
"നമുക്ക് നാലു പല്ലും വെക്കണം"
"വേണം ഡോക്ടര്‍, എനിക്കൊരു സംശയം മുന്‍വശത്തെ 2 പല്ലു കേടാണോന്ന്, അതിന്‍റെ മുകളില്‍ രണ്ടു കറുത്ത കുത്തുകള്‍ ഉള്ള പോലെ"
എന്തൊക്കെയാണീ കുട്ടി പറയുന്നത്, ഈശ്വരാ.. ഡോക്ടര്‍ സന്തോഷം അടക്കാന്‍ കഴിയാതെ " വെയിറ്റ്, വെയിറ്റ് നമുക്കെല്ലാം കണ്ടുപിടിക്കാം ആദ്യം ക്ലീന്‍ ചെയ്യട്ടെ എന്നാലേ മനസ്സിലാകൂ "( ഞാനീ പോച്ചയും പുല്ലും ഒക്കെ ഒന്നു വെട്ടിഒതുക്കട്ടെ എന്ന്)
ഡോക്ടര്‍ ഒരു സൂചിയെടുത്തു വായില്‍ ഫിറ്റ് ചെയ്തു. എനിക്ക് മനസ്സില്‍ ഗതകാലസ്മരണകള്‍ ഓടി വന്നു.അപ്പൊത്തന്നെ എനിക്കു വായ വേദനിക്കാന്‍ തുടങ്ങി. അതുകൊണ്ട് ഞാനിടക്കിടക്കു ഡോക്റ്ററുടെ കയ്യില്‍ കടന്നു പിടിക്കും. ഡോക്ടറു പിന്നെ കുറെ പല്ലുവെക്കേണ്ട ആളാണല്ലോ എന്നോര്‍ത്തു എന്‍റെ അക്രമങ്ങളൊക്കെ സഹിച്ചു.ക്ലീന്‍ ചെയ്യല്‍ അങ്ങനെ അവസാനഘട്ടത്തിലെത്തി.ഡോക്ടര്‍ ഒരു കണ്ണാടിയെടുത്തു പിടിച്ചു എന്‍റെ മൂന്നണപ്പല്ലുകളില്‍ ചെറിയ വളരെ ചെറിയ കറുപ്പുനിറം ബാധിച്ചതു കാണിച്ചു തന്നു.ഉടന്‍ എന്തെങ്കിലും ചെയ്യണം. അല്ലെങ്കിലിതും ഇളകിപ്പോരും എന്നെന്നെ പേടിപ്പിച്ചു. ശേഷം ഒരു കൊടിലു പോലുള്ള ഒരു സാധനം വായില്‍ കയറ്റി ഒരു കേടുമില്ലാത്ത ഒരണപ്പല്ലിനെ പിടിച്ചിളക്കാന്‍ തുടങ്ങി.
"ഹെന്ത്, ഈ പല്ലിളകുന്നല്ലോ"
ഒരു കേടുമില്ലാത്ത തെങ്ങു പോലെ നിക്കുന്ന ഒരു പല്ലിനെക്കുറിച്ചാണീ അപവാദം പറയുന്നത്
ഞാനതു സമ്മതിച്ചില്ലെങ്കില്‍ ഡോക്റ്റര്‍ അപ്പൊത്തന്നെ അതു പിടിച്ചിളക്കി താഴത്തിടുമെന്നെനിക്കു ബോധ്യമയതുകൊണ്ട്, ആ കൊടിലില്‍ പിടിച്ചു അതെ അതെ എന്നു സമ്മതിച്ചുകൊടുത്തു.
അപ്പൊഴെക്കും ഷാനുക്ക എത്തിച്ചേര്‍ന്നു.
ഷാനൂ, നമുക്കീ പല്ലുകളൊക്കെ ശെരിയാക്കണമല്ലോ
വേണം ഡോക്റ്റര്‍, ഒരു നാലു പല്ലു വെക്കുകയും വേണം
ചിലപല്ലുകള്‍ കേടാണ്, അതടക്കുകയും വേണം.
കേടാണോ ഡോക്ടര്‍, എങ്കിലതും ചെയ്യണം
വേണമെങ്കിലിപ്പൊത്തന്നെ ചെയ്തു തരാം.
ഞാനപകടം മണത്തു
എത്ര രൂപയാകും ഡോക്ടര്‍ പല്ലടക്കാന്‍, ഞാനിടപെട്ടു
അതൊരു 2500 രൂപയേ ഉള്ളൂ
ഷാനുക്കയുടെ ആവേശമൊക്കെ ചോര്‍ന്നു, ഷാനുക്ക ക്ഷീണത്തോടെ
എന്നാലിന്നു വേണ്ട ഡോക്ടര്‍, നാളെ വരാം.
പല്ലു വെച്ചില്ലെങ്കില്‍ കവിളൊട്ടുമോ ഡോക്ടര്‍, എന്ന് ഞാന്‍ ചോദിച്ചൂ
പിന്നേ, ഒട്ടാതെ
ഞാനിപ്പൊത്തന്നെ കവിളോട്ടി പടുകിളവിയാകുമെന്നണു ഡോക്ടര്‍ പറയുന്നത്.
പല്ലു വെക്കാനെത്രയാകും, ഷാനുക്ക ഊര്‍ജം വീണ്ടെടുത്തു ചോദിച്ചു
ഡോക്ടര്‍ ഭയങ്കര ഗണിതശാസ്ത്രപരമായി 4500x4 ഓരോ സൈഡിലും.ഞങ്ങള്‍ പൈസ കേട്ട് ഞെട്ടാതിരിക്കനാണീ ഗണിതപ്രയോഗം.
ഞങ്ങളുടെ രണ്ടാളുടെ മസ്തിഷകവും ഭയങ്കരമായി പ്രവര്‍ത്തിച്ചിട്ടും ആ കണക്കു മനസ്സിലാകുന്നില്ല. അവസാനം പ്രാന്തു വന്ന ഷാനുക്ക " എന്തായാലും വേണ്ടില്ല, ഷാജിയുടെ പല്ലൊക്കെ ശരിയാകിയെടുക്കണം. പക്ഷെ  വിജ്ഞാനകുതുകിയായ എനിക്ക് കുതൂഹലത നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
"ഡോക്ടര്‍ എനിക്കു മൊത്തം 4 പല്ലല്ലെ വെക്കണ്ടൂ, പിന്നെന്തിനാണ്‍ 8 പല്ല്"
എന്‍റെ ഓരോ വരിയിലും ഒന്നിടവിട്ട് 2 പല്ലാണില്ലാത്തത്. ഓരോപല്ലും ഒറ്റക്കു നിക്കില്ല. തൊട്ടറ്റുത്തുള്ല ഒറിജിനല്‍ പല്ലിനെ രാകിമിനുക്കി അതിന്റെ മേലെ ഒരു ക്യാപ്പു വെക്കും. ആ പല്ലിന്‍മേല്‍ പിടിച്ചാണു യതാര്‍ഥ വെപ്പുപല്ലിനുനില്‍ക്കാന്‍ കഴിയൂ. അപ്പൊ ഓരോ വരിയിലും ഈരണ്ടു വെപ്പുപല്ലു വെക്കണമെങ്കില്‍ ഫലത്തില്‍ 4 വെപ്പുപല്ലു വെക്കണം. രണ്ടു യഥാര്‍ഥപല്ലുകളെ ബലികൊടുക്കുകയും വേണം.മൊത്തം 36000 രൂപ, കൂടാതെ കേടായ പല്ലുകള്‍ അടക്കാന്‍ 2500 വേരെയും .ഹൊ ഇതു മനസ്സിലാക്കിയെടുക്കാന്‍ ഞാന്‍ പ്രയോഗിച്ച ബുദ്ധിയെങ്ങാനും പത്താം ക്ളാസ്സ് പരീക്ഷയില്‍ പ്രയോഗിച്ചിരുന്നെങ്കില്‍ റാങ്കു കിട്ടിയേനെ.
ഇത്രയും പാച്ച് വര്‍ക്ക് ചെയ്ത് ശരിയാക്കേണ്ട ആളെയാണല്ലോ ഞാന്‍ കല്യാണം കഴിച്ചത് എന്ന മട്ടില്‍ എന്നെ ഒന്നു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്ഷാനുക്ക  പറഞ്ഞു
"ഡോക്ടര്‍ ഞാനൊരു രണ്ടു സെന്‍റു സ്ഥലം വിറ്റ് ഷാജിതയെയും കൂട്ടി വരാം"
അങ്ങനെ ഞങ്ങളോടി രക്ഷപ്പെട്ടു.