Monday, August 3, 2015

സ്കൂട്ടര്‍

ഭാവിവരനെക്കുറിച്ച് എനിക്ക് ഭയങ്കരമായ  സങ്കല്‍പങ്ങളൊന്നുമുണ്ടായിരുന്നില്ല.കയ്യും കാലുമൊക്കെ യഥാസ്ഥാനത്തുണ്ടാവണം,  തമാശ പറയാനറിയില്ലെങ്കിലും കേട്ടാല്‍ ചിരിക്കണം,(ഇതു നിര്‍ബന്ധമാണ്) ചിട്ട കൊണ്ട് എന്നെ കൊല്ലാന്‍ വരരുത്. വണ്ടി ( വണ്ടി എന്നു പറഞാല്‍ ബൈക്ക്) ഓടിക്കാനറിയല്‍ അഭിലഷണീയം. ഭാവിവരന്‍ വണ്ടി ഓടിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല എനിക്കതിന്‍റെ പിന്നിലിരുന്നു പോയി ഒന്നട്ടഹസിക്കാനാണ്.  വിവാഹത്തിനു മുമ്പുള്ള സംഭാഷണത്തിനിടക്ക് ഞാനത് സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കി ഒന്നു ഞെട്ടി.

ഉത്തരം ഇങ്ങനെയായിരുന്നു.

വണ്ടി ഓടിക്കാനൊക്കെ അറിയാം സൈക്കിളാണെന്ന് മാത്രം.

സാരമില്ല സൈക്കിളെങ്കി സൈക്കിള്‍( ഞാന്‍ സൈക്കിളിന്‍റെ പിന്നില്‍ പോകുന്ന എന്നെ ഒന്നു സങ്കല്‍പിച്ചു, സൂപ്പര്‍)


                                   അങ്ങനെ കല്യാണം കഴിഞ്ഞു.എന്നും സിനിമ കണ്ടില്ലെങ്കില്‍ ഞങ്ങളെ ആരെങ്കിലും തൂക്കിക്കൊല്ലും എന്ന മട്ടില്‍ ഒരു ദിവസം വിടാതെ ഞങ്ങള്‍ തിയേറ്ററിലേക്കോടി.ഒരു രാത്രി പത്തു പത്തരയാവുമ്പൊ ഞങ്ങള്‍ South kalamassery  ബസ്സിറങ്ങും, കുറ്റാകൂരിരുട്ട്, ഓട്ടോറിക്ഷ പോയിട്ട് ഒരു കാളവണ്ടി പോലും സ്റ്റാന്ഡിലുണ്ടാവില്ല.എനിക്കാണെങ്കില്‍ ഒരടി നടക്കുന്നത് ഇഷ്റ്റമല്ല. എന്‍റെ room mate നൂലുപോലത്തെ ജിനു ഉണ്ടപ്പക്ക്രുവായ എന്നെ കല്യാണത്തിനു മുമ്പ് എത്ര ഭീഷണിപ്പെടുത്തിയിട്ടും ഞാനവളുടെ കൂടെ നടക്കാന്‍ പോയിട്ടില്ല. ആ ഞാനാണ്, എത്ര ആലോചന വന്നതാ  ഞാന്‍ പകയോടെ ഷാനുക്കയെ നോക്കും .നടക്കുന്നതില്‍പരം ആനന്ദം വേറെ ഒന്നുമില്ലാത്ത ഷാനുക്ക

ഹമ്പടി അങ്ങനെയെങ്കിലും നീ ഒന്നു നടക്ക് എന്ന മട്ടില്‍ എന്നെയും വലിച്ചുകൊണ്ട് ഒന്നരക്കിലോമീറ്റര്‍ നടന്ന് വീടെത്തും.


                  കല്യാണത്തോടനുബന്ധിച്ചുള്ള ചിലവുകളും സല്‍ക്കാരങ്ങളും നിമിത്തം ഞങ്ങളുടെ (ഞങ്ങളുടെ അല്ല എന്‍റെ) വണ്ടി എന്ന സ്വപ്നം നീണ്ടുപോയി. അതിലുപരി ഷാനുക്കക്ക് വണ്ടിയോട് ഒരു താല്പര്യം വരണ്ടെ, എന്നെ ഫോര്‍ വീലര്‍ പഠിപ്പിക്കുന്നതിനിടയില്‍ two wheeler പഠിപ്പിക്കാന്‍ സാര്‍ ശ്രമിച്ചതാണ്.രണ്ടു ദിവസമെ പഠിപ്പിച്ചുള്ളൂ. mitവണ്ടിയില്‍ ആയിരുന്നു പഠിപ്പിച്ചത്. സാറെന്നെ സ്പീഡ് കുറക്കാന്‍ ഹാന്ഡില്‍ തിരിചാല്‍ മതി എന്നു പറഞ്ഞുകൊണ്ട്  സ്റ്റാര്‍ട്ട് ചെയ്ത് വിടും. ഞാനൊരു പോക്കാണ്. ലുട്ടാപ്പി കുന്തതില്‍ പോകുന്നപോലെ, ഇതിനിടക്ക് നിര്‍ത്തണേ, നിര്‍ത്തണേ... എന്നലറിക്കരഞ്ഞുകൊണ്ട് പലകുറി ഹാന്ഡില്‍ തിരിക്കും, അതോടെ സ്പീഡ് വര്‍ധിച്ച് ഞാനും വണ്ടിയും കൂടെ അവിടെ കിടക്കും. സാറാണെങ്കില്‍ ആ നേരം ഗ്രൌണ്ടില്‍ കിടന്ന് ചിരിച്ച് ചിരിച്ച് കുന്തം മറിയുകയാവും. കിടന്ന കിടപ്പിലുള്ള എന്‍റെ മുഖഭാവം കണ്ടിട്ടാവണം ചിരി നിര്‍ത്തി സാറോടിവരും,


രണ്ടുദിവസം കൂടി ഓടിച്ചാല്‍ ശെരിയാവും


കി കി കീ   എന്ന് സാറിനു പിന്നെയും ചിരിപൊട്ടും.അതോടെ ഞാന്‍ കാറു മാത്രം പഠിച്ചാല്‍ മതി എന്നുറപ്പിച്ചു. നാട്ടുകാര്‍ക്കെന്തു പറ്റിയാലും അവനവനു ഒന്നും പറ്റില്ലല്ലോ.


                   വണ്ടി വാങ്ങാനുള്ള കപ്പാസിറ്റി ഒത്തു വരാത്തതിനാലും ഡ്രൈവിങ് അറിയാത്തതുകൊണ്ടും ഷാനുക്ക ഒരു സൈക്കിള്‍ വാങ്ങി. എനിക്കു കൂടി സൈക്കിള്‍ പഠിക്കണം എന്നു പറഞ്ഞിരുന്നതിനാല്‍ ( ഇനി സൈക്കിളിലൊരു കൈ നോക്കിക്കളയാം)ചെറിയ ലേഡീസ് സൈക്കിളാണ്‍ വാങ്ങിയത്.പൊക്കം കുറവായ ഞാന്‍ അതില്‍ കയറി ഇരുന്നു നോക്കി,


ഇതും വലിയ സൈക്കിളാണല്ലോ


എന്ന് ഗര്‍ജിച്ചു. ഇതിലും ചെറുത് ഇനി അമനു (4 yrs old) പറ്റുന്നതേ ഉള്ളൂ എന്ന് ഷാനുക്ക അമര്‍ഷത്തോടെ (ലേഡീസ് സൈക്കിള്‍ വാങ്ങിയ ദേഷ്യം) തിരിച്ച് ഗര്‍ജിച്ചു , അതോടെ ഞാനടങ്ങി.സൈക്കിള്‍ പഠനം  കാറിനേക്കാളും സ്കൂട്ടറിനേക്കാളും വന്‍പരാജയമായിരുന്നു.ഒരു ദിവസം എന്നെ പഠിപ്പിച്ച് കലി കൊണ്ട ഷാനുക്ക എന്നെയും സൈക്കിളിനെയും എടുത്ത് വലിച്ചെറിഞ്ഞതിനാലും ഭര്‍ത്താക്കന്മാര്‍ എന്ന കണ്‍ട്രീസിന്‍റെ കൂടെ ഒരിക്കലും ഒരു വാഹനവും പഠിക്കരുത്, അവര്‍ നമ്മളെ ആക്ഷേപിക്കും എന്നെ ഉപദേശം മീന മാഡത്തിന്‍റെ കയ്യില്‍ നിന്നു കിട്ടുകയും ചെയ്തതിനാലും ഞാന്‍ പഠനം നിര്‍ത്തി.ഷാനുക്ക ദിവസവും ഓഫീസിലേക്ക് സൈക്കിളില്‍ പോകും , ഇങ്ങനെ വേണം ആരോഗ്യം ഇപ്പൊഴെ സംരക്ഷിക്കണമെന്നു പെനിസിലുപോലത്തെ ഷാനുക്കയെ നോക്കി അപ്പുറത്തെ വീട്ടില്‍ മുറ്റത്ത് 2 ഇന്നോവയുള്ള scientist ഞങ്ങളെ പ്രശംസിക്കും.


അതെ അതെ എന്നു വിനയാന്വിതരായി scientist കണ്‍മുന്നില്‍നിന്ന് മാറുന്ന നിമിഷം ഞങ്ങള്‍ പൊട്ടിച്ചിരിക്കും.


                                  അതിനിടക്ക് ഒരത്ഭുതം സംഭവിച്ചു. രാജാവിനു ബാംഗ്ലൂരില്‍ വെച്ച് നീന്താന്‍ കഴിഞ്ഞപോലെ അളിയന്‍റെ സ്കൂട്ടര്‍ പഠിക്കാന്‍ വേണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഷാനുക്ക ഒരു പോക്കു പോയി, നാഷണല്‍ ഹൈവെയിലേക്ക് അപ്രത്യക്ഷനായി, ബേജാറായ അളിയന്‍ ഒരു കുടപോലുമെടുക്കാതെ, sunscreen lotion  പോലും തേക്കാന്‍ നില്‍ക്കാതെ ഷാനുക്കയുടെ പിന്നാലെ കുതിച്ചോടിയെങ്കിലും നിരാശനായി വേവാലാതി പൂണ്ട് ഒരു 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എടീ എനിക്ക് വണ്ടി ഓടിക്കാനറിയാം എന്നലറിക്കൊണ്ട് ഷാനുക്കയും തിരിച്ചെത്തി.അതോടെ ഷാനുക്കക്ക് സ്കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹം മുളപൊട്ടി, ഉടന്‍ 22000 രൂപ കൊടുത്ത് ഒരു second hand Activa വാങ്ങി. അന്ന് ആ വണ്ടിയുടെ പിന്നില്‍ യാത്ര ചെയ്ത് ഞാന്‍ ക്രുതാര്‍ഥയാവുകയും ഇത്രയും ലാഭത്തില്‍ നമുക്ക് ഒരു വണ്ടി കിട്ടിയല്ലോ,


എന്താണു ദാസാ ഈ ബുദ്ധി മുന്നെ തോന്നാതിരുന്നത് എന്നു പരസ്പരം പ്രശംസിക്കുകയും ചെയ്തു.


                      ഏകദേശം ഒരാഴ്ചക്കുള്ളില്‍ തന്നെ activa യുടെ പൊട്ടും പൊടിയുമൊക്കെ ഇളകാന്‍ തുടങ്ങി. ഒരു ദിവസം ടെറസിന്‍റെ മുകളില്‍ നിന്ന് ഡ്രെസ്സ് ഉണക്കാനിടുകയായിരുന്ന എന്‍റെ സഹോദരി എടീ അതാ ഷാനൂ എന്നു പറഞ്ഞ് എന്നെ അലറിവിളിച്ചു. എന്തത്യാപത്താണാവോ എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ ടെറസ്സിലേക്കോടി. ഷാനുക്ക ഒരു വളവു തിരിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന രംഗമാണ്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.


വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം, വില്ലുപോലെയുള്ള പുരികം, കത്തുന്ന കണ്ണുകള്‍,

പറക്കുന്ന വണ്ടി, ഞങ്ങള്‍ പട പട ഇടിക്കുന്ന ഹ്രുദയത്തോടെ ആ കാഴ്ച നോക്കിനിന്നു. വണ്ടി മിന്നല്‍ പോലെ വളവു തിരിഞ്ഞ് വീടിന്‍റെ ഗേറ്റ് കടന്ന്(ഗേറ്റ് അടക്കാറില്ല) പോര്‍ച്ചിലെക്കു കുതിക്കുന്നു. പെട്ടെന്നൊരു ശബ്ദം. ഞങ്ങള്‍ ഡ്രെസ്സൊക്കെ അവിടെയിട്ട് താഴേക്കോടി. ഷാനുക്ക ഒരു സര്‍ക്കസ്സുകാരനെപ്പോലെ  അവിടെയുള്ള അമന്‍റെ കളിപ്പാട്ടങ്ങളും മറ്റു സാമഗ്രികളും തട്ടിത്തെറിപ്പിച്ച് പോര്‍ച്ചിന്‍റെ തൂണില്‍ കാല്‍ ചവിട്ടി വണ്ടി നിര്‍ത്തി വിജയശ്രീലാളിതനായി ഞങ്ങളെ നോക്കി.


ഇതെന്താണിത്ര സ്പീഡ്, ഞങ്ങള്‍ അത്ഭുതപ്പെട്ടു


സ്പീഡൊന്നുമല്ല, ബ്രേക്ക് പോയതാ,


ഞങ്ങള്‍ ഞെട്ടി,

ഇനി മുതല്‍ ഈ വണ്ടി ഉപയോഗിക്കണ്ട.


ഏയ്, അതൊന്നും കുഴപ്പമില്ല, ഇതിന്‍റെ ബ്രേക്ക് എപ്പൊഴും പോകുമല്ലൊ, ഞാന്‍ വര്‍ക് ഷോപ്പില്‍ കൊടുക്കുകയാ പതിവ്


ഞങ്ങള്‍ വീണ്ടുംഞെട്ടി, അപ്പോള്‍ റോഡില്‍ വെച്ച് ബ്രേക്ക് പൊയാല്‍... സാബിറ സംശയം പ്രകടിപ്പിച്ചു.


അതിനു പോസ്റ്റോ മതിലോ ഇല്ലാത്ത റോഡുണ്ടോ ഷാനുക്ക ഞങ്ങളെ പുച്ഛിച്ചു കൊണ്ട് അകത്തേക്ക് പോയി.



                ഒരു ബിസിനസ്സുകാരനാവുക എന്ന അഭിലാഷമുള്ള ഷാനുക്ക ജോലി രാജിവെച്ച് ബിസിനസ്സ് ചെയ്താലോ എന്നെന്നോട് ചോദിക്കും.

എന്തു ബിസിനസ്സ് ചെയ്യും

കോഴിവളര്‍ത്തലായാലോ


മടിയനായ ഷാനുക്ക കോഴിവളര്‍ത്തിയാലുണ്ടാകുന്ന ആപത്താലോചിച്ച് കിടുങ്ങിക്കൊണ്ട്  ഷാനുക്കയെ ആക്ഷേപിക്കാതെ ഞാന്‍ നയത്തില്‍ അതില്‍ നിന്നു പിന്തിരിപ്പിക്കും


കോഴിപ്പനി വന്നു എല്ലാം ചത്ത് പോയാലോ


എന്നാ മീന്‍ വളര്‍ത്തിയാലോ, അലങ്കാരമല്‍സ്യം


ഹും, സ്വന്തം വീട്ടില്‍ 2 fish tank ഉണ്ട്, വീട് വാങ്ങുന്ന സമയത്ത് നിറച്ച് വലിയ മീനുകളുണ്ടായിരുന്ന ടാങ്കുകളില്‍ ഇപ്പൊ തേങ്ങയാണ്‍ കൂട്ടി ഇട്ടിരിക്കുന്നത് എന്നു മനസ്സിലാലോചിച്ച നിമിഷം നയമൊക്കെ നഷ്ടപെട്ട് ഞാന്‍ " അതും ചത്തുപോകും എന്നു പ്രതിവചിച്ചു."


ഇതു കേട്ട നിമിഷം ഷാനുക്ക എന്‍റെ മനസ്സിലിരുപ്പ് മനസ്സിലാക്കി.

നീ ഒരിക്കലും എന്നെ ബിസിനസ്സ് ചെയ്യാന്‍ സമ്മതിക്കില്ല, നിന്‍റെ വാക്കാരു കേള്‍ക്കുന്നു എന്നക്രമാസക്തനായി.

അയ്യോ കയ്യില്‍നിന്നുപോയോ എന്നു പേടിച്ച് ഞാന്‍ അടുത്ത നയം പ്രയോഗിച്ചു.


നമുക്ക് റബ്ബര്‍ഷീറ്റ് ബിസിനസ്സ് നടത്താം ( കല്യാണം കഴിഞ്ഞ സമയത്ത് ഷാനുക്ക എന്നോട് പങ്കുവെച്ച ചില രഹസ്യങ്ങളില്‍പെട്ടതായിരുന്നു റബ്ബര്‍ഷീറ്റിനെപറ്റിയുള്ളതും. ഷാനുക്ക പഠിപ്പെല്ലാം കഴിഞ്ഞ് വീട്ടില്‍ തൂണുപോലെ നിക്കുന്ന കാലം. മക്കളെ ഒരു നിമിഷം വെറുതെ ഇരുത്തരുത്, അവരെ മാടിനെപ്പോലെ പണിയെടുപ്പിക്കണമെന്ന പോളിസിയുള്ള ഷാനുക്കയുടെ ഉപ്പ ഉടന്‍ തന്‍റെ  റബ്ബര്‍ തോട്ടത്തിലെ വെട്ടുകാരനെ പറഞ്ഞുവിട്ടു. ആ ദൌത്യം ഷാനുക്കയെ ഏല്പിച്ചു. റബ്ബര്‍ വെട്ടുക മാത്രമല്ല  അവിടത്തെ എല്ലാ മേക്കാടുപണിയും  ചെയ്യണം കൂടാതെ ഷീറ്റ് വിറ്റ് ക്രുത്യം പൈസ ഉപ്പ എന്ന പുരുഷസിംഹത്തെ ഏല്പിക്കുകയും വേണം. റബ്ബര്‍ വെട്ടുക, തീപ്പയര്‍ സംരക്ഷണം, പോച്ച പറിക്കല്‍ ഇത്യാദി എല്ലാം ചെയ്തു കഴിയുമ്പോഴേക്കും വൈകുന്നേരമാകും. പൈസയെല്ലാം ഉപ്പയെ ഏല്പിക്കുന്നതുകാരണം വട്ടച്ചിലവിനു പൈസയില്ലാതെ ഷാനുക്ക നട്ടം തിരിഞ്ഞു. അതു കൊണ്ട് സ്വന്തം പറമ്പിലെ ഷീറ്റ് ( അത്യാവശ്യത്തിനുമാത്രം) കട്ടുവിറ്റ് ഷാനുക്ക വട്ടച്ചിലവിനുള്ള പൈസ കണ്ടെത്തി. അതുകൊണ്ട് തന്നെ റബ്ബര്‍ ക്രുഷിയെക്കുറിച്ചും ഷീറ്റിനെക്കുറിച്ചും ഷാനുക്കക്ക് വള്ളിപുള്ളി വിടാതെ അറിയാം.അതു കൊണ്ടാണ്‍ ഞാനങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.)

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്നു പറയുന്നതുപോലെ  റബ്ബര്‍ എന്നുകേട്ടാല്‍ ഷാനുക്കക്ക് തന്‍റെ ജീവിതത്തിലെ ആ ഇരുണ്ട കാലഘട്ടം ഓര്‍മ വരുന്നതിനാല്‍ തല്‍സമയം ബിസിനസ്സ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മണ്ടസ്കൂട്ടറില്‍ അവിടെനിന്നും നിഷ്ക്രമിച്ചു.


                        എന്നുമെന്നും റിപ്പയറിങ് ചെയ്തുകൊണ്ട് activa ഞങ്ങളുടെ പൈസ തിന്നുമുടിച്ചു.അന്നൊക്കെ ഒമ്പതുമണിക്ക് ഓഫീസിലെത്തേണ്ട ഞാന്‍ 9.10 നു വീട്ടില്‍ നിന്നിറങ്ങും. 9.20 നു  register എടുക്കുന്നതിനു മുമ്പ് ഓഫീസിലെത്തണം. ഷാനുക്ക എന്നെയും ഒന്നരവയസ്സുള്ള ദവീനെയും വണ്ടിയിലിരുത്തി വണ്ടി പറപ്പിക്കും, ഞങ്ങളുള്ളപ്പൊ ഇങ്ങനെ ഓടിക്കല്ലെ, ഷാനുക്ക ഒറ്റക്കുള്ളപ്പോ ഇങനെ ഓടിച്ചോന്നു പറഞ്ഞു ഞാന്‍ പിന്നിലിരുന്നു കരയും.ഹമ്പടി ഇതു കേള്‍ക്കുന്ന ഷാനുക്ക ഒന്നുകൂടെ സ്പീഡ് കൂട്ടും.ആയിടക്ക് എന്‍റെ റിസര്‍ച്ചാവശ്യത്തിനായി ഞങ്ങള്‍ എറണാകുളം  സൌത്തിലേക്ക് താമസം മാറ്റി.പതിവുപോലെ ഞാനും ദവീനും ഷാനുക്കയുടെ കൂടെ വണ്ടിയില്‍ പോവുകയായിരുന്നു. തിയറിയില്‍ expert ആയ ഞാന്‍ ലൈസന്‍സില്ലാത്ത ഷാനുക്കയെ പിന്നിലിരുന്നു നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കും. indicator ഇടൂ, ഹോണടിക്കൂ എന്നൊക്കെ. ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് എന്നു പറയുന്നതു വരെ ഞാനിതു തുടരും.ഇടക്ക് വച്ച് വണ്ടി ഓഫായി. ഭാര്യയും കുട്ടിയുമായി പോകവേ വണ്ടി നിന്നുപോയതില്‍ അഭിമാനക്ഷതമേറ്റ ഷാനുക്ക (ഒട്ടും അപമാനമില്ലാതെ ഞാന്‍ പിന്നിലിരിക്കുകയാണ്)വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തീവ്രശ്രമം നടത്തുകയാണ്


എന്തൊക്കെയോ അകത്തുനിന്ന് പൊടിയുന്ന ശബ്ദം


അതെന്താ

അതങ്ങനെയൊക്കെയാ ഷാനുക്കക്ക് ദേഷ്യം. അവസാനം മാനം കിട്ടി വണ്ടി സ്റ്റാര്‍ട്ടായി. പിന്നെയും ഉള്ളില്‍ നിന്ന് എന്തൊക്കെയൊ ശബ്ദങ്ങള്‍

അതൊന്നും വകവെക്കാതെ ഞങ്ങള്‍ മുന്നോട്ട് പോയി.അപ്പൊ അതാ അടുത്ത പ്രതിസന്ധി, റോഡ് പൊളിച്ച് മെറ്റല്‍ മാത്രം ഇട്ടിരിക്കുന്നു. പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന മട്ടില്‍ ഞങ്ങളുടെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

അപ്പൊ വീണ്ടും വണ്ടിയുടെ ഉള്ളില്‍ നിന്നും ശബ്ദങ്ങള്‍.വണ്ടി ആകപ്പാടെ കുലുങ്ങാന്‍ തുടങ്ങി.വളരെപ്പതുക്കെ പോവുന്നവണ്ടി സ്ളോമോഷനില്‍ വീഴാന്‍ പോവുകയാണ്.


ഷാനുക്ക കാലുകുത്ത്, കുത്ത് എന്നലറുന്നുണ്ട്, ഞാനൊന്നു കുത്തിയാല്‍ വണ്ടി മറിയുന്നത് ഒഴിവാക്കാം. പക്ഷെ ഇത്തരം ആപത്ഘട്ടങ്ങളില്‍ ഞാനൊരിക്കലും ഉചിതമായി പ്രവര്‍ത്തിച്ച ചരിത്രമില്ല (പാവം ദവീന്‍ നടക്കാന്‍ തുടങ്ങുന്നതിനു മുമ്പെ ദിവസവും വീഴും. ഞാന്‍ ആ ആ ആ എന്നലറിക്കൊണ്ട് അവന്‍ വീഴുന്നതും നോക്കി നില്ക്കുമെന്നല്ലാതെ ഇന്നുവരെ രക്ഷിച്ചിട്ടില്ല.ഒരിക്കല്‍ ഞാന്‍ അവനു കുറുക്കും കൊടുത്തുകൊണ്ട് സിറ്റൌട്ടില്‍ നില്‍ക്കുകയാണ്. എന്തൊ കുരുത്തക്കേടൊപ്പിച്ച അവനു സ്റ്റെപ്പിലൂടെ മുറ്റത്തേക്കു വീഴുന്നു. ഞാന്‍ പതിവുപോലെ ആ ആ ആ എന്നലറിക്കൊണ്ടു കയ്യിലുള്ള സ്പൂണ്‍ വിടാതെ അതിനെന്തെങ്കിലും സംഭവിച്ചാലോഎന്ന മട്ടില്‍ തുള്ളിക്കോണ്ട് നില്ക്കുന്നു. കുറെ അകലെ മുറ്റമടിച്ചോണ്ടിരിക്കുന്ന 64 കാരിയായ  ഉമ്മ എന്‍റെ അലര്‍ച്ച കേള്‍ക്കുകയും ചൂലു വലിച്ചെറിഞ്ഞ് പറന്നുവന്നു കുട്ടി രണ്ടാമത്തെ സ്റ്റെപ്പിലെത്തിയപ്പൊഴെക്കും താഴെയുള്ള കല്ലില്‍തട്ടാതെ പുഷ്പം പോലെ വാരിയെടുക്കുകയും ചെയ്തു). എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു മനസ്സിലാകിയ ഞാന്‍ കാലുകുത്തുന്നതിനുപകരം, പെഡല്‍സ്റ്റാന്‍ഡില്‍ കാലു അമര്‍ത്തിപ്പിടിച്ചു.ഞാന്‍ ഒരിക്കലും കാലുകുത്തില്ലെന്നു മനസ്സിലാക്കിയ ഷാനുക്ക വണ്ടി വീഴാതിരിക്കാന്‍ കഠിനമായി പ്രയത്നിച്ച് മുട്ടുകാലില്‍ വണ്ടി താങ്ങി നിര്‍ത്തി.പതുക്കെ വളരെ പതുക്കെ ഞാനും ദവീനും റോഡിലേക്ക് നിരങ്ങി വീണു. ചുരിദാറില്‍ ഒരു ചെളി പോലും ആവാത്ത ഞാന്‍ ചിരിച്ചോണ്ട് ചാടിഎഴുന്നേറ്റ് അലറിക്കരയുന്ന ദവീനെ എടുത്തു.(അവന്‍ കെട്ടിയിരുന്ന pampers ഒന്നു മാറിപ്പോയതൊഴിച്ചാല്‍ ഒരു കുന്തവും പറ്റാത്ത അവന്‍ മെറ്റലില്‍ ഇരുന്നുകൊണ്ട് വെറുതെ അലറി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു).ഇത് ചെറിയ അപകടമായിരുന്നെങ്കിലും അവന്‍റെ കരച്ചില്‍ കേട്ട് കടന്നുപോയ എല്ലാ വണ്ടികളും തിരിച്ചോടിവന്നു. എല്ലാ പാവം മനുഷ്യരും കൂടി ഞങ്ങളെആശ്വസിപ്പിക്കാന്‍ തുടങ്ങി, ആരൊക്കെയൊ മറിഞ്ഞ വണ്ടി നേരെയാക്കിവെച്ചു.ഒരു പാവം മനുഷ്യന്‍ എന്‍റെ ബാഗ് വാങ്ങിപ്പിടിച്ച് ഒന്നും പറ്റാത്ത എന്നോട്,  പേടിക്കരുത് സാരമില്ല എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു.ഞാനാണെങ്കില്‍ സന്ദര്‍ഭത്തിന്‍റെ ഗൌരവം മനസ്സിലാക്കി ദുഃഖിതയായി നിന്നു.


               ഇതിനിടക്ക് ആരോ ഷാനുക്കയോട് പാന്‍റ്റ് കീറിപ്പോയല്ലോ എന്ന് ചോദിക്കുന്നത് കേട്ടു. ഞാന്‍ നോക്കുമ്പോള്‍ മുട്ടിനു താഴെ പാന്‍റില്ല. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴതാ മുട്ടിന്‍മേല്‍ വലിയ ഒരു മെറ്റല്‍ കഷ്ണത്തിന്‍റെ ആക്രുതിയില്‍ എല്ലാം അടര്‍ന്നുപോയി വെള്ളക്കളറിലിരിക്കുന്നു.സ്കൂട്ടറിന്‍റെ വെയിറ്റും കൂടാതെ ഞങ്ങളുടെ 50+10 കിലോയും ഒരു മുട്ടുകാലില്‍ താങ്ങിയപ്പോള്‍ പറ്റിയതായിരുന്നു അത്. ഉടന്‍ ആളുകള്‍ ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങളെ ആശുപത്രിയിലേക്ക് വിട്ടു. ligament നു ചെറിയ പരിക്കും എട്ടു സ്റ്റിച്ചും ഒക്കെയായി ഞങ്ങള്‍ അന്നു രാത്രി വീട്ടിലേക്കു മടങ്ങി. എന്തായാലും അന്നു കാലുകുത്താത്തതിന്‍റെ ശിക്ഷ എനിക്കു ഒരു ബക്കറ്റിന്‍റെ രൂപത്തില്‍ കിട്ടി.ആ ബക്കറ്റും പിടിച്ച് ഒരു പത്തു ദിവസം ഞാന്‍ ബെഡ്റൂമിനും ടോയ്‌ലറ്റിനും ഇടക്കു നടക്കേണ്ടി വന്നു. ഏകദേശം ഒരു മാസത്തെ റെസ്റ്റിനു ശേഷം (ligament നു പരിക്കു പറ്റിയതിനാല്‍)ഷാനുക്ക വീണ്ടും activa യുമായി റോഡിലിറങ്ങി.  വീണ്ടും ബ്രേക്ക് പോയി,  തല്‍സമയം റോഡില്‍ പോസ്റ്റുകളും മതിലും ഇല്ലാതിരുന്നതിനാല്‍ ബേജാറായ ഷാനുക്ക കുറെ ദൂരം ഒരു വാണം കണക്കെ മുന്നോട്ട് പോയശേഷം വണ്ടി ഒരു മെറ്റല്‍ കൂനയിലേക്ക് ഓടിച്ചുകേറ്റി മറിച്ചിട്ടു. അന്നു രാത്രി തന്നെ മഹാനായ ആക്ടീവയെ  വന്‍തുകക്കു (എന്നു ഷാനുക്ക പറയുന്നു)കൂട്ടുകാരനു കൈമാറി.



വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്

സ്കൂട്ടര്‍