Thursday, July 26, 2012

ഒരു പൂരത്തിന്‍റെ ഓര്‍മ്മ

                                       
                                    

ഞാന്‍  ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.വീടിന്‍റടുത്തുള്ള അമ്പലത്തില്‍ പൂരമാണ്.അന്ന് പൂരത്തിന്‍ ഉപ്പ ഞങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും അനുവദിച്ചിട്ടുള്ള ക്വാട്ട ഒരു ബലൂണാണ്.പൂരത്തിന്‍റന്നു മുഴുവന്‍ നിലവിളിക്കാന്‍ റെഡിയാണെന്‍കില്‍ മൂന്നു കുപ്പിവള കൂടി കിട്ടും.അങ്ങനെ മൂന്നാള്‍ക്കും ബലൂണ്‍ കിട്ടി.ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇളയവളായ ഞാന്‍ രണ്ടാമത്തെ ആളുടെ ബലൂണ്‍ പൊട്ടിച്ചു.മൂത്ത രണ്ടുപെരും എന്നെ നീണ്ട പീഡനത്തിനും വിസ്താരത്തിനും വിധേയയാക്കി.ശേഷം തന്‍റേതല്ലാത്ത കാരണം കൊണ്ട് ബലൂണ്‍ നഷ്ടപ്പെട്ട രണ്ടാമത്തെ ആള്‍ ഉമ്മയെ സമീപിച്ചു.അങ്ങനെ ഒന്നു കൂടി വങ്ങാന്‍ അനുവാദം ലഭിച്ചുപൂരപ്പറമ്പില്‍ വച്ച് ബലൂണിനു വല്ല അപകടവും പറ്റിയാലോന്ന് കരുതി രണ്ടു ബലൂണും എന്നെ ഏല്‍പ്പിച്ച് അവര്‍ പുറപ്പെട്ടു.അങ്ങനെ ചിന്താവിഷ്ടയായ ശ്യാമളയെപ്പോലെ അതു രണ്ടും പിടിച്ച് ഞാന്‍ മുള്ളുവേലിക്കരികില്‍നിന്നു.കുറച്ചു കഴിഞപ്പോള്‍ ഠേ എന്നൊരു ശബ്ദം.രണ്ടാമത്തേതും പൊട്ടിയതാണ്, മുള്ളു വേലിയില്‍ തട്ടി.ഞാന്‍ തകര്‍ന്നു.ഇനി അവശേഷിക്കുന്നത് എന്‍റെ സ്വന്തം ഒരു ബലൂണാണ്.അതു ഞാന്‍ ഒളിപ്പിച്ചില്ലെങ്കില്‍ അവര്‍ കൈക്കലാക്കുമെന്നറിയാമായിരുന്നതിനാല്‍ ഞാന്‍ വീടിനു പിറകുവശത്തേക്കോടി.അവിടെ ഉമ്മ ചാരം ഇട്ടുവെക്കുന്ന ഒരു കുട്ടയുണ്ട്.അതില്‍ കൊണ്ടുപോയി ഇട്ടു.ഇടേണ്ട താമസം അതും പൊട്ടി.കാരണം അത് തൊട്ടുമുമ്പ് കൊണ്ടിട്ട ചൂടുള്ള ചാരമായിരുന്നു.അന്നെനിക്കുണ്ടായ വേദന, ഉറൂബിന്‍റെ ഭാഷയില്‍ പറയുകയാണെങ്കില്‍ അവര്‍ വരുമ്പോള്‍ ഞാനങ്ങനെ പാപ്പരായ പ്രമാണിയെപ്പോലെ ബ്ളിങ്കൂസായി നില്‍ക്കുകയാണ്.


                                                    കൊച്ചു കൊച്ചു നഷ്ടബോധങ്ങളിലൂടെ കടന്നുപോയ എന്‍റെ ആ ബാല്യകാലത്തിന്‍റെ സുഖം ഇന്നത്തെ തിരക്കുകളില്‍ നഷ്ടമായി.